അടിമാലി

ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കിലാണ് അടിമാലി ബ്ലോക്കു പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അടിമാലി, കൊന്നത്തടി, ബൈസണ്‍വാലി, വെള്ളത്തൂവല്‍, പള്ളിവാസല്‍ എന്നീ ഗ്രാമപഞ്ചായത്തുകളാണ് അടിമാലി ബ്ളോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്നത്. മന്നാംകണ്ടം, കൊന്നത്തടി, ബൈസണ്‍ വാലി, രാജക്കാട്, വെള്ളത്തൂവല്‍, കുഞ്ചിത്തണ്ണി, പള്ളിവാസല്‍, ആനവിരട്ടി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന അടിമാലി ബ്ളോക്ക് പഞ്ചായത്തിന് 1062.24 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ക്രിസ്തുവിന്റെ ശിഷ്യനായ വിശുദ്ധ തോമസ് ശ്ലീഹാ തമിഴ്നാട്ടില്‍ നിന്നും കോതമംഗലത്തേക്ക് വരുന്ന വഴി രാത്രി തങ്ങിയ സ്ഥലമെന്ന നിലയില്‍ പ്രസിദ്ധമാണ് അടിമാലി ബ്ലോക്കിലെ പള്ളിവാസല്‍ എന്ന ഗ്രാമം. എറണാകുളം ജില്ലയില്‍ നിന്ന് അടിമാലിയിലേക്ക് പ്രവേശിക്കുന്ന, റാണി ലക്ഷ്മിഭായിയുടെ ഭരണകാലത്ത് നിര്‍മ്മിച്ച രാജകീയ പൊതുവഴി ഇന്ന് നാഷണല്‍ ഹൈവേ 49 ആയി സഞ്ചാരികളുടെ പറുദീസയായ മൂന്നാര്‍ വഴി തമിഴ്നാടുമായി ബന്ധിപ്പിക്കുന്നു. കൊടുംവനങ്ങളും നീര്‍ച്ചാലുകളും നിറഞ്ഞ ഈ പ്രദേശം പണ്ടുകാലത്ത് കാട്ടുമൃഗങ്ങളുടെ വിഹാരഭൂമിയായിരുന്നു. ജനവാസം പ്രധാനമായി മലനിരകളുടെ അടിവാരങ്ങളില്‍ കേന്ദ്രീകരിച്ചുകിടന്നിരുന്നതു കൊണ്ടാണ് അടിമാലിയെന്ന പേരില്‍ ഇവിടം അറിയപ്പെട്ടത്. പ്രകൃതി മനോഹരമായ ഹരിതവനങ്ങളിലെ കരിമ്പാറക്കൂട്ടങ്ങളിലൂടെ കുതറിയൊഴുകുന്ന ചീയപ്പാറ വെള്ളച്ചാട്ടവും വാളറ വെള്ളച്ചാട്ടവും നാഷണല്‍ ഹൈവേ 49-ലൂടെയുള്ള യാത്രയില്‍ നയനാനന്ദകരമായ കാഴ്ചയാണ്. സമുദ്രനിരപ്പില്‍ നിന്ന് ഉദ്ദേശം 4000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കുതിരകുത്തി മലയുടെ നെറുകയില്‍ നിന്നാല്‍, എറണാകുളം നഗരത്തിന്റെ ദൂരവീക്ഷണം ലഭിക്കും. താഴ്വാരത്തില്‍ ലോവര്‍ പെരിയാര്‍ പദ്ധതി സ്ഥിതി ചെയ്യുന്നു. അടിമാലി ബ്ലോക്കിലെ, പശ്ചിമഘട്ടമലനിരകളുടെ ഭാഗമായ ബൈസണ്‍ വാലി ഗ്രാമപഞ്ചായത്ത് സമുദ്രനിരപ്പില്‍ നിന്നും മൂവായിരം മുതല്‍ ആറായിരത്തിനാനൂറു അടിവരെ ഉയരത്തിലാണ്. ഭൂപ്രകൃതിയനുസരിച്ച് അടിമാലി ബ്ലോക്കിനെ കുന്നിന്‍മുകളിലെ നിരന്ന പ്രദേശം, കുന്നിന്‍ചെരിവ്, താഴ്വര, തരിശ്, പുല്‍മേടുകള്‍, പാറക്കെട്ടുകള്‍, ചതുപ്പ് എന്നിങ്ങനെ തരം തിരിക്കാം. ഈ പ്രദേശങ്ങളിലെല്ലാം തന്നെ ചരല്‍ കലര്‍ന്ന ചുവന്ന മണ്ണ്, പശിമരാശിയുള്ള കറുത്ത മണ്ണ് എന്നിവ കാണപ്പെടുന്നു. കുന്നിന്‍മുകളിലുള്ള നിരപ്പു പ്രദേശങ്ങളിലും കുന്നിന്‍ചെരിവുകളിലും ഏലം, കുരുമുളക്, കാപ്പി, കമുക്, കൊക്കോ, തെങ്ങ്, റബ്ബര്‍ തുടങ്ങിയ നാണ്യവിളകള്‍ സമ്മിശ്രമായി കൃഷി ചെയ്തു വരുന്നു. താഴ്വരകളില്‍ കുറെ പാടശേഖരവും മലമ്പ്രദേശങ്ങളില്‍ പാറക്കെട്ടുകളും തരിശുപ്രദേശവും പുല്‍മേടുകളും കാണാം. ഉയര്‍ന്ന മലനിരകളുടെ ചെരിവുകളില്‍ ഏലം കൃഷി ചെയ്യുന്നു. കോട്ടയം ജില്ലയിലെ മീനച്ചില്‍, കാഞ്ഞിരപ്പള്ളി, തൊടുപുഴ താലൂക്കുകളില്‍ നിന്നുമാണ് പ്രധാനമായും കുടിയേറ്റക്കാര്‍ ഇവിടെ എത്തിയത്. ചേര്‍ത്തല, ഹരിപ്പാട്, ആലുവ തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരും ഇവിടെ എത്തിയിട്ടുണ്ട്. ഉയര്‍ന്ന മരങ്ങളില്‍ ആദിവാസികളുടെ സഹായത്തോടെ കെട്ടിയുണ്ടാക്കിയ ഏറുമാടങ്ങളില്‍ താമസിച്ചുകൊണ്ടാണ് കൃഷിക്കാര്‍ അക്കാലത്ത് കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടിരുന്നത്. പ്രധാനകൃഷികള്‍ നെല്ലും കപ്പയുമായിരുന്നു. കോടക്കാറ്റും മൂടല്‍ മഞ്ഞും ചാറ്റല്‍ മഴയും അതിശൈത്യവും ജനജീവിതം ദുസ്സഹമാക്കിയ വെല്ലുവിളികളായിരുന്നു. കൂട്ടായ്മയുടെ ചരിത്രമാണ് ഇവിടുത്തെ കുടിയേറ്റക്കാര്‍ക്കു പറയാനുള്ളത്. മാറ്റാള്‍പണികളിലൂടെയാണ് അന്നത്തെ കുടിയേറ്റക്കാര്‍ കൃഷിപ്പണികള്‍ നടത്തിയിരുന്നത്. ക്രമേണ കൃഷിഭൂമികളില്‍ താല്‍ക്കാലികമായി തയ്യാറാക്കിയ കൊയ്ത്താലകള്‍ കര്‍ഷക ഭവനങ്ങളായി മാറിത്തുടങ്ങി. 1877 ജൂലായ് മാസം 11-ാം തിയതി ബ്രിട്ടീഷുകാരായ ജെ.സി.മണ്‍റോ, എ.ഡബ്ല്യൂ.ടര്‍ണര്‍ എന്നിവര്‍ പൂഞ്ഞാര്‍ രാജാവിന്റെ പക്കല്‍ നിന്നും ആയിരം രൂപ പ്രതിഫലവും പ്രതിവര്‍ഷം മൂവായിരം രൂപ പാട്ടവും നല്‍കാമെന്ന വ്യവസ്ഥയില്‍ 344 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം രജിസ്റ്റര്‍ ചെയ്തു വാങ്ങി. സായ്പ്പുമാരെ വഴികാട്ടിയ കണ്ണന്‍, തേവന്‍ എന്നീ ആദിവാസികളുടെ ഓര്‍മ്മ അവരുടെ മനസ്സില്‍ പച്ചപിടിച്ചു നിന്നിരുന്നതിനാല്‍, 1897-ല്‍ സ്കോട്ട്ലാന്റില്‍ വച്ച് കമ്പനി രജിസ്റ്റര്‍ ചെയ്തപ്പോള്‍ അതിനു നല്‍കപ്പെട്ട പേര് “കണ്ണന്‍ദേവന്‍ ഹില്‍ പ്രൊഡ്യൂസ് കമ്പനി” എന്നായിരുന്നു.