ആലങ്ങാട്

എറണാകുളം ജില്ലയില്‍ പറവൂര്‍, ആലുവ എന്നീ താലൂക്കുകളിലാണ് ആലങ്ങാട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കരുമാല്ലൂര്‍, വരാപ്പുഴ, ആലങ്ങാട്, ഏലൂര്‍, കടുങ്ങല്ലൂര്‍ എന്നീ അഞ്ചു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ആലങ്ങാട് ബ്ളോക്ക് പഞ്ചായത്ത്. കുന്നുകര, വരാപ്പുഴ, ആലങ്ങാട്, ഏലൂര്‍, കടുങ്ങല്ലൂര്‍, കരുമാല്ലൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ആലങ്ങാട് ബ്ളോക്ക് പഞ്ചായത്തിന് 79.41 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും 13 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് പെരിയാര്‍ നദിയും, പറവൂര്‍, പാറക്കടവ് ബ്ളോക്കുകളും, കിഴക്കുഭാഗത്ത് ആലുവ മുനിസിപ്പാലിറ്റിയും തെക്കുഭാഗത്ത് ഇടപ്പള്ളി ബ്ളോക്കും, കളമശ്ശേരി മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് പറവൂര്‍ ബ്ളോക്കും ആലങ്ങാട് ബ്ളോക്കിനു അതിരിടുന്നു. സമുദ്രനിരപ്പില്‍ നിന്നും ശരാശരി 4 മീറ്റര്‍ മുതല്‍ 25 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍ ഈ ബ്ളോക്കിലുണ്ട്. തെക്കുപടിഞ്ഞാറു ദിശയിലേക്ക് നേരിയ ചെരിവു പ്രകടമാണെങ്കിലും ഇവിടം പൊതുവേ സമതല പ്രദേശമാണെന്നു പറയാം. ഇടയ്ക്കിടെ ചെറിയ കുന്നിന്‍പ്രദേശങ്ങളും അങ്ങിങ്ങായി സ്ഥിതി ചെയ്യുന്നുണ്ട്.  പ്രധാനമായും ചെങ്കല്‍മണ്ണ്, ഗ്രാവല്‍ ചേര്‍ന്ന മണ്ണ്, മണല്‍ ചേര്‍ന്ന പശിമരാശിമണ്ണ് എന്നീ മണ്ണിനങ്ങള്‍ ഇവിടെ കണ്ടുവരുന്നു. മണ്‍പാത്രനിര്‍മ്മാണത്തിന് ഉപയുക്തമായ കളിമണ്ണ്, ചുണ്ണാമ്പുകല്ല് എന്നിവയും ഈ ബ്ളോക്കുപ്രദേശത്ത് കണ്ടുവരുന്നു. 1952-ല്‍ റൂറല്‍ റീ കണ്‍സ്ട്രക്ഷന്‍ എക്സ്റ്റന്‍ഷന്‍ വിംഗ് എന്ന പേരില്‍ ആലങ്ങാട് കേന്ദ്രമാക്കി ഒരു ഉപസ്ഥാപനം നിലവില്‍ വന്നു. 1956 ആയപ്പോഴേക്കും ഇത് നാഷണല്‍ എക്സ്റ്റന്‍ഷന്‍ സര്‍വ്വീസ് ബ്ളോക്ക് എന്ന ഒരു സ്വതന്ത്ര സ്ഥാപനമായിത്തീര്‍ന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിവരെ തിരുവിതാംകൂര്‍ രാജ്യത്തിലെ പ്രധാനപ്പെട്ടൊരു താലൂക്കായിരുന്നു ആലങ്ങാട്. ഇന്ന് കേരളത്തിലെ പ്രധാനപ്പെട്ട വ്യവസായമേഖലകളായ ഏലൂര്‍, എടയാര്‍ പ്രദേശങ്ങളും, കാര്‍ഷിക പ്രധാനമായ മറ്റു പ്രദേശങ്ങളും ഉള്‍പ്പെട്ടതാണ് ആലങ്ങാട് ബ്ളോക്ക്. ഈ ബ്ളോക്കുപ്രദേശത്ത് പൊതുമേഖലയിലും, സ്വകാര്യമേഖലയിലുമായി അഞ്ചു വലിയ വ്യവസായശാലകളും അനേകം ചെറുകിട വ്യവസായയൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍.എച്ച്-47, എന്‍.എച്ച്-17 എന്നീ സുപ്രധാന ദേശീയപാതകള്‍ ഈ ബ്ളോക്കുപ്രദേശത്തുകൂടി കടന്നുപോകുന്നുണ്ട്.